- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്
ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു
ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവില്‍ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറി മൂന്ന് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. രണ്ടാംകടവ് സ്വദേശി പുതിയാകുളങ്ങര വര്‍ക്കി (പാപ്പച്ചന്‍ - 60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാജി കുന്നേല്‍ച്ചെരുവിലിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന ഉടമയും ഡ്രൈവറുമായിരുന്ന ജോസഫ് ചേന്നംകുളം പരിക്കുകള്‍ ഒന്നുമേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെ ആയിരുന്നു അപകടം. ജോസഫിന്റെ റബര്‍ തോട്ടത്തില്‍ കാട് വെട്ടിത്തെളിച്ച ശേഷം മൂന്നുപേരും തിരിച്ചുവരുമ്പോഴായിരുന്നു അപകടം. രണ്ടാംകടവ് ജംഷന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ട്‌പെട്ട ജീപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും സമീപത്തിലെ പോസ്റ്റിലേക്കും ഇടിച്ചുകയറുക ആയിരുന്നു. വാഹനം ഇടിച്ചുകയറിയത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന മരം ജീപ്പിന്റെ ഗ്ലാസിനുള്ളിലൂടെ തുളച്ചുകയറി ഡ്രൈവര്‍ സീറ്റിന് സമീപത്തിരുന്ന വര്‍ക്കിയുടെ നെഞ്ചില്‍ ഇടിക്കുക ആയിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് വര്‍ക്കിയെയും മറ്റുള്ളവരെയും വെളിയില്‍ എത്തിച്ചെങ്കിലും നെഞ്ചില്‍ മരം ഇടിച്ച ആഘാതത്തില്‍ സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുക ആയിരുന്നു. ജോസഫും മരിച്ച വര്‍ക്കിയും വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ ആയിരുന്നു. രണ്ടാംകടവ് ഇടവകയിലെ മുന്‍ മതബോധന അധ്യാപകന്‍ ആയിരുന്നു മരിച്ച വര്‍ക്കി. കരിക്കോട്ടക്കരി പോലീസ് ഉള്‍പ്പെടെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ മേരി ഓരത്തേല്‍ കുടുംബാംഗമാണ്. മക്കള്‍ : മേല്‍ജോ, പരേതയായ മെല്‍ജി. മരുമകള്‍ : ഡീന .