പെരുമ്പിലാവ്: ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്‍റെ മകൻ ഗൗതം (17) ആണ് മരിച്ചത്. പെരുമ്പിലാവ് കണ്ണേത്ത് മനുവിനാണ് (17) പരിക്കേറ്റത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. പെട്രോൾ അടിക്കാനായി പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പിറകുവശം തട്ടി ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയവർ ഇരുവരേയും അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാൻ സാധിച്ചില്ല.