കോഴിക്കോട്: നിർമാണ പ്രവർത്തികൾ നടക്കുന്നതിനിടെ കിണറിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. വടകര അഴിയൂരിലാണ് ദാരുണ സംഭവം നടന്നത്. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. മണ്ണിനുള്ളിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ആറ് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിലുണ്ടായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മണ്ണിനടിയിലേക്ക് താഴ്ന്ന് പോയ മറ്റൊരു തൊഴിലാളി വേണുവിനെ രക്ഷപെടുത്തിയിരുന്നു.

കണ്ണൂരിൽ നിന്നും മാഹിയിൽ നിന്നും ഫയർഫോഴ്‌സ് ഉൾപ്പടെയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ രക്ഷിക്കാൻ സാധിച്ചില്ല.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.