കൊച്ചി: നിയന്ത്രണം വിട്ടെത്തിയ കെഎസ്ഇബി യുടെ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കോതമംഗലത്താണ് ദാരുണ സംഭവം നടന്നത്. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടിച്ചുകയറിയത്. അമിതവേഗതയിൽ റോങ് സൈഡിലൂടെ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബിയുടെ കാർ വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചു.