കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂൾ മതിലിൽ ഇടിച്ചു കയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു-മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുറ്റിക്കൽ സെൻ്റ് തോമസ് എൽപി സ്കൂളിൻ്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കം ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മെറിൻ്റെ സഹോദരിയുടെ കുഞ്ഞിൻ്റെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവെയാണ് ഈ ദാരുണ സംഭവം. അപകട കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കാറിലുണ്ടായിരുന്ന കുട്ടികളിൽ ഒരാൾ സീറ്റിനടിയിലേക്ക് വീണുപോയതായും വിവരങ്ങളുണ്ട്.

ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.