കുറുപ്പംപടി: വേങ്ങൂർ പാണിയേലി പോരിലേക്കുള്ള റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് ആറടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം പത്ത് പേരാണുണ്ടായിരുന്നത്. 6 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കുന്നംകുളത്തു നിന്നുള്ള സംഘമാണ് ഉച്ചയ്ക്കു 2ന് അപകടത്തിൽപ്പെട്ടത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് സംഘം ഇവിടെ എത്തിയത്.

റോഡിൽ നിന്നു നിയന്ത്രണം വിട്ട ജീപ്പ് ചെളി നിറഞ്ഞ പ്രദേശത്തേക്കു തലകീഴായി മറിയുകയായിരുന്നു. എല്ലാവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. അഗ്നിരക്ഷാസേനയെത്തി ആംബുലൻസിൽ എല്ലാവരെയും ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

സംഘത്തിലെ ഒരു പെൺകുട്ടി ജീപ്പിനടിയിൽപ്പെട്ടിരുന്നു. ഈ കുട്ടിയുടെ തുടർ പരിശോധനയ്ക്കായി എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി. ഇതോടൊപ്പം എല്ലാവരെയും മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.