പാറശ്ശാല: വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിക്കവെയാണ് അപകടം നടന്നത്. കൊല്ലങ്കോട് വളളവിള മഞ്ഞത്തോപ്പ് കോളനിയില്‍ ജസലിയന്റെ മകന്‍ പ്രിട്ടില്‍ റോയ് (16) യെ ആണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.

ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. പ്രിട്ടില്‍ റോയിയും മറ്റ് മൂന്ന് സുഹൃത്തുക്കളുമായി കൊല്ലങ്കോട് നിന്ന് പൊഴിയൂര്‍ പൊഴിക്കരയിലെത്തി പൊഴിക്കരുകില്‍ നിന്ന് കുളിക്കുകയായിരുന്നു.

പൊഴിയൂടെ മറുവശത്തെ തീരത്ത് യുവാക്കള്‍ ഫുഡ്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം ഇവിടേക്ക് പോകുന്നതിനായി പൊഴി നീന്തിക്കടക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രിട്ടില്‍ റോയ് ഒഴുക്കില്‍പ്പെടുന്നത്.

റോയിയോടൊപ്പമുണ്ടായിരുന്നവര്‍ തിരികെ നീന്തി കയറി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരുടെ നിലവിളി കേട്ട് ഓടി എത്തിയ മത്സ്യ തൊഴിലാളികള്‍ വള്ളങ്ങളുമായി ഉടന്‍ തന്നെ കടലില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇപ്പോൾ കോസ്റ്റല്‍ പോലീസും സ്‌ക്യൂബാ സംഘവും കടലില്‍ തിരച്ചില്‍ നടത്തി വരികയാണ്.