കണ്ണൂര്‍: തലശേരി - കണ്ണൂര്‍ ദേശീയപാതയിലെ ചാലക്കുന്നില്‍ മണ്ണിടിച്ചില്‍. കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി ദാരുണമായി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്.

ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ശനിയാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്.പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്.

കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്.

ഇയാളുടെ തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്ത് കനത്ത മഴ ഉണ്ടായിരുന്നതായും ഈ മഴയിലാണ് മണ്ണിടിഞ്ഞ തെന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.