കോഴിക്കോട്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് എടുത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം കുഴിയിൽ വീഴ്ത്തി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങള്‍ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു. ശേഷം ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് പറഞ്ഞാൽ ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിയും നടത്തിയതോടെ പെൺകുട്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നു.

പക്ഷെ ഈ ചിത്രങ്ങള്‍ അടുത്തിടെ ബന്ധുക്കളുടെ കൈവശം എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.