തിരുവനന്തപുരം: ക്രിസ്ത്യൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയെ തിരുവനന്തപുരം കഠിനംകുളം പൊലീസ് എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയൽ (32) ആണ് കഠിനംകുളം പോലീസിന്റെ വലയിൽ കുടുങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കഠിനംകുളം വെട്ടുതുറയിലെ കോൺവെൻ്റിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും 10,000 രൂപയാണ് പ്രതി മഠത്തിൽ നിന്നും കവർന്നത്.

വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകൾ പള്ളിയിൽ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോൺവെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകൾ ഉണ്ടെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.