ഹരിപ്പാട്: ആലപ്പുഴയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി അമീർ (29) ആണ് കരിയിലകുളങ്ങര പോലീസിൻ്റെ വലയിൽ കുടുങ്ങിയത് .

പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിലെത്തിയ പ്രതി, ബസ് മാർഗം കാഞ്ഞൂർ ക്ഷേത്രത്തിന് സമീപം വന്നിറങ്ങിയപ്പോഴാണ് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്തി തോളിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.963 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ചേപ്പാട്, ചിങ്ങോലി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അമീർ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരിയിലകുളങ്ങര എസ്.എച്ച്.ഒ നിസാമുദ്ദീൻ, എസ്.ഐമാരായ ശ്രീകുമാരക്കുറുപ്പ്, നിരഞ്ജന ലാൽ, എ.എസ്.ഐ അനി, സി.പി.ഒ അജീഷ്, ഹോം ഗാർഡ് ജയറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.