മലപ്പുറം: പുളിക്കൽ ആന്തിയൂർക്കുന്നിലെ പ്രവർത്തനരഹിതമായ ക്വാറിയിൽ ആശുപത്രി മാലിന്യം ഉൾപ്പെടെ ടൺ കണക്കിന് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുളിക്കൽ വലിയപറമ്പ് ആന്തിയൂർക്കുന്ന് ഒറ്റപ്പുലാക്കൽ ഹസിബുദ്ദീനെയാണ് (35) കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണെന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കരാറെടുത്തയാളിൽ നിന്ന് ഉപകരാറെടുത്താണ് പ്രവർത്തിച്ചതെന്നും കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ അറിയിച്ചു. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ പ്രധാന കരാറുകാരൻ, ക്വാറിയുടെ ഉടമ, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് സംഭവം നടന്നത്. പുളിക്കൽ ആന്തിയൂർക്കുന്നിലെ അരൂർ-ചെവിട്ടാണിക്കുന്ന് റോഡരികിലെ കരിങ്കൽ ക്വാറിയിലാണ് ടോറസ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. ക്വാറിയിലെ വെള്ളക്കെട്ടിൽ ഏകദേശം 10 ലോഡോളം മാലിന്യമാണ് തള്ളിയിരുന്നത്. പുലർച്ചെ ടോറസ് ലോറിയുടെ ശബ്ദം കേട്ട് ഉണർന്ന നാട്ടുകാർ സ്ഥലത്തെത്തിയാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. അർധരാത്രിയോടെ സ്ഥലത്തെത്തിയ നാട്ടുകാർ മാലിന്യം കൊണ്ടുവന്നവരെയും വാഹനവും പിടികൂടി കൊണ്ടോട്ടി പോലീസിലും പുളിക്കൽ ഗ്രാമപഞ്ചായത്തിലും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് കൊണ്ടോട്ടി പോലീസും പുളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. മാലിന്യം കൊണ്ടുവന്ന പ്രധാന ഏജന്റിന് ഒരു ലക്ഷം രൂപയും സ്ഥലം ഉടമക്ക് 50,000 രൂപയും മാലിന്യം കൊണ്ടുവന്ന ലോറി ഉടമക്ക് 50,000 രൂപയുമുൾപ്പെടെ ആകെ രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, ജനവാസ മേഖലയിലും പൊതു കുടിവെള്ള പദ്ധതിയുടെ ടാങ്കിനടുത്തും തള്ളിയ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് പോലീസ് കേസെടുത്ത് നടപടികൾ ശക്തമാക്കിയത്.