മാവേലിക്കര: 13 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2012-ൽ ആധാര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരാളെ മർദിച്ച കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ഭരണിക്കാവ് സ്വദേശി മോഹനനെയാണ് (55) മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോങ് പെൻഡിംഗ് കേസുകളിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്.

2012 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തെക്കേമങ്കുഴി സ്വദേശിയായ സുശീലനെ മോഹനൻ മർദിച്ചു. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ കൂലിപ്പണി ചെയ്തും ലോട്ടറി വിറ്റും ജീവിച്ചു വരികയായിരുന്നു. ഇയാൾക്കെതിരെ കോടതി ലോങ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രതി വള്ളിക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി കാലങ്ങളിൽ വരാറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ചെങ്ങന്നൂർ മടത്തുംമട ഭാഗത്താണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.