- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന്റെ പാതി ബോധത്തിൽ നടന്ന വാക്കുതർക്കം; വഴക്ക് അതിരുവിട്ടപ്പോൾ അരുംകൊല; യുവാവിനെ തലയ്ക്കടിച്ച് കൊന്നത് സ്വന്തം കൂട്ടുകാരൻ തന്നെ; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കുടുക്കി പോലീസ്
കൊച്ചി: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരമല്ലൂർ രോഹിണി നിവാസിൽ ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലിജിന്റെ സുഹൃത്തായ എരമല്ലൂർ പുളിയ പള്ളി സ്വദേശി സാംസണെ (26) പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ലിജിൻ.
നവംബർ 4-ന് രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സാംസണും ലിജിനും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും, പ്രകോപിതനായ സാംസൺ മരത്തടി (പട്ടിക) ഉപയോഗിച്ച് ലിജിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെ ലിജിൻ മരണത്തിന് കീഴടങ്ങി.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അരൂർ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. വധശ്രമത്തിന് റിമാൻഡിലായിരുന്ന സാംസണെ ലിജിന്റെ മരണത്തെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതി സാംസണും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ തെളിവെടുപ്പിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.




