- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് വരുന്നത് കണ്ട് എല്ലാവരും ഓടി; ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടൽ; യുവാവിനെ കൈയ്യോടെ പൊക്കി

കോഴിക്കോട്: വ്യാജ രജിസ്‌ട്രേഷൻ നമ്പറും, ചെയ്‌സ് നമ്പര്‍ മായ്ച്ച നിലയിലുമുള്ള ബൈക്ക് ഉപയോഗിച്ച യുവാവിനെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി (19) ആണ് പിടിയിലായത്. ഈ മാസം ഏഴാം തീയതി പുലർച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നടന്ന സംഘർഷത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
സംഘർഷം നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ അതിൽ ഉൾപ്പെട്ടവർ ചിതറിയോടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബൈക്ക് പോലീസ് പരിശോധിച്ചപ്പോഴാണ് രജിസ്‌ട്രേഷൻ നമ്പര്‍ വ്യാജമാണെന്നും ചെയ്‌സ് നമ്പര്‍ മായ്ച്ച നിലയിലാണെന്നും വ്യക്തമായത്. തുടർന്ന്, എൻജിൻ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും മുഹമ്മദ് ഷഹദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും, ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും മാറാട് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മാറാട് എസ്‌ഐ അശ്വിൻ റോയ്, എഎസ്‌ഐ മനോജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും, മറ്റു കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.


