- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കിൻ മുനയിൽ നിർത്തി കവർച്ച; ക്രഷർ മാനേജറുടെ 10 ലക്ഷം രൂപ വരെ തട്ടിയെടുത്തു; കേസിൽ നാല് പ്രതികൾ പിടിയിൽ; സംഭവം കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം ക്രഷർ മാനേജറുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പ്രതികളെ കർണാടക പൊലീസ് പിടികൂടി. നഷ്ടപ്പെട്ട പത്ത് ലക്ഷത്തിലേറെ രൂപയും കണ്ടെത്തിയിട്ടുണ്ട്. ബിഹാർ സ്വദേശികളായ മുഹമ്മദ് ഇബ് റോൺ ആലം (21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (30), അസം സ്വദേശി ധനഞ്ജയ് ബോറ (22) എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികളെ ബുധനാഴ്ച രാത്രി കർണാടക പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടിയതിന് പിന്നാലെ അസം സ്വദേശിയെ കാഞ്ഞങ്ങാട്ടുനിന്ന് ഹോസ്ദുർഗ് പൊലീസും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിന്റെ മാനേജർ കോഴിക്കോട് മരുതോംകര സ്വദേശി പി.പി. രവീന്ദ്രനെ (56) ആക്രമിച്ച് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്ന പ്രതികളാണ് രാത്രി വൈകി കർണാടകയിൽ പിടിയിലായത്. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കവെ ബുധനാഴ്ച വൈകീട്ടാണ് കവർച്ചക്കിരയാകുന്നത്.
രവീന്ദ്രനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ചവിട്ടിവീഴ്ത്തി പണം കവർന്ന് കടന്നുകളയുകയായിരുന്നു. ഏച്ചിക്കാനത്തെ കലക്ഷൻ തുകയായ രണ്ടര ലക്ഷം രൂപയും വെള്ളരിക്കുണ്ട് യാർഡിലെ 7,70,000 രൂപയും മൊബൈൽ ഫോണും ഷോൾഡർ ബാഗിൽ സൂക്ഷിച്ചതായിരുന്നു. പിന്നിലൂടെ നടന്നുവന്ന പ്രതികൾ ഷർട്ടിന്റെ കോളറിൽ പിടിച്ചുമുറുക്കി തോക്കുചൂണ്ടി പിന്നീട് ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.