പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങി സഹോദരനെയും തല്ലിക്കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം തടവ്. അടൂർ, പന്നിവിഴ സ്വദേശിയായ മോഹനൻ ഉണ്ണിത്താനെയാണ് (65) പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു.

2005 നവംബറിൽ സ്വന്തം അമ്മയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മോഹനൻ ഉണ്ണിത്താൻ ആദ്യം ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. ഈ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഇയാൾ പരോളിലിറങ്ങിയത്. 2024 ജൂൺ 29-ന് പരോൾ കാലാവധിയിൽ വീട്ടിലെത്തിയ പ്രതി, സഹോദരനായ സതീഷ് കുമാറിനെ (രഘു) ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ആർ. രാജീവ്, ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. അമ്മയെ കൊന്ന അതേ ക്രൂരത സഹോദരനോടും ആവർത്തിച്ചു എന്നത് കേസിനെ അതീവ ഗൗരവമുള്ളതാക്കി.