ഇടുക്കി: ഏഴു കിലോ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ (53), കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് (48) എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി പി.എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കുകയും വേണം.

2019 നവംബർ 18 നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി കഞ്ഞിക്കുഴി വാകച്ചോട് മഴുവടി റോഡിൽ വെച്ചാണ് എക്സൈസ് സംഘത്തിൻ്റെ വലയിൽ കുടുങ്ങുന്നത്. സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി.എൻ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.