- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ ബസിന് അടൂരിന് സമീപം തീപിടിച്ചു: ബസിലുണ്ടായിരുന്നത് 30 പേര്: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
അടൂര്‍: ഗുജറാത്ത് സ്വദേശികളുമായി തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ 30 അഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ എന്‍ജിന്‍ ഭാഗത്ത് തീ പടര്‍ന്നു. എംസി റോഡില്‍ ഏനാത്ത് മഹര്‍ഷിക്കാവ് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ആളുകള്‍ ഡ്രൈവറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ഡ്രൈവര്‍ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടന്‍ നാട്ടുകാര്‍ വിവരം അടൂര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി. സന്തോഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ അഭിലാഷ് എസ് നായര്‍, ദിനൂപ് എസ്, എസ് സന്തോഷ്, എസ്.സാനിഷ്, രാജീവ് എം.എസ്, എം.ജെ മോനച്ചന്‍, ആര്‍. അജയകുമാര്‍ എന്നിവരടങ്ങുന്ന ഫയര്‍ ഫോഴ്സ് സംഘം ഉടന്‍ സ്ഥലത്ത് എത്തുകയും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ആയിരുന്നു.
തൃശൂര്‍ സ്വദേശി രജീഷ്മയുടെ ഉടമസ്ഥതയില്‍ ഉള്ള ടൂറിസ്റ് ബസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ആണ് അപകടം ഉണ്ടായത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം വശത്തേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ എല്ലാം മുന്‍വശത്തെ വാതില്‍ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു. അല്പം വൈകിയിരുന്നെങ്കില്‍ വാഹനത്തിലെ ഇലക്ട്രിക് കേബിളുകള്‍ കത്തി സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതെ വരികയും മുന്‍ വശത്തെ വാതില്‍ തുറക്കാന്‍ ആകാതെ യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങി അത്യാഹിതം ഉണ്ടാകുന്നതിനുള്ള സാധ്യതയുമാണ് ഡ്രൈവര്‍ ആകാശിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. അടിയന്തിര സാഹചര്യത്തില്‍ ആളുകള്‍ക്ക് രക്ഷപെടുന്നതിന് വേണ്ട എമര്‍ജന്‍സി വാതിലുകള്‍ ബസില്‍ ഉണ്ടായിരുന്നുമില്ല.
ഫയര്‍ ഫോഴ്സ് എത്തുമ്പോള്‍ വണ്ടിക്കുള്ളില്‍ നിറയെ പുക നിറഞ്ഞ് ശ്വസിക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആയിരുന്നു. ഉടന്‍ ബസിന്റെ റൂഫ് ടോപ്പ് ഉയര്‍ത്തി പുക പുറത്തേക്ക് തുറന്ന് വിടുകയും ഡ്രൈവര്‍ ക്യാബിനുള്ളില്‍ കയറി എന്‍ജിന്‍ ഭാഗത്ത് ഉയന്ന തീ വെള്ളം പമ്പ് ചെയ്ത് പൂര്‍ണ്ണമായും അണക്കുകയുമായിരുന്നു. കനത്ത ചൂടില്‍ എന്‍ജിന്‍ ഓയില്‍ ടാങ്കിന്റെ അടപ്പ് തെറിച്ച് എന്‍ജിന്‍ ഓയില്‍ പൂര്‍ണ്ണമായും കത്തിയിരുന്നു.
എന്‍ജിന്റെ ഭാഗത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്ന് അനുമാനിക്കുന്നു. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള ഏനാത്ത് പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.