- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് അറിയാതെ നിയോജകമണ്ഡലം കമ്മറ്റി ചേരാന്‍ സംസ്ഥാന ജില്ലാ നേതാക്കളെത്തി: അടൂരിലെ കേരളാ കോണ്‍ഗ്രസ് (എം) യോഗത്തില്‍ തെറിവിളിയും കൈയേറ്റവും
അടൂര്‍: പ്രസിഡന്റ് അറിയാതെ കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി ചേരാന്‍ സംസ്ഥാന നേതാക്കള്‍ അടക്കം എത്തിയതിനെ തുടര്‍ന്ന് തെറവിളിയും കൈയാങ്കളിയും. ജില്ലാ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം അടൂര്‍ നിയോജക മണ്ഡലം യോഗം വിളിച്ചു ചേര്‍ത്ത സ്ഥലത്താണ് ബഹളം. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗത്തിനു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. കെഎസ്ആര്‍ടിസിസി ജങ്ഷനു സമീപത്തുള്ള കെട്ടിടത്തിനു മുന്‍പിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ബഹളമുണ്ടാക്കിയത്. നിയോജക പ്രസിഡന്റായ സജു മിഖായേലിനെ അറിയിക്കാതെ യോഗം വിളിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യുവിനു നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്.
ജില്ലാ പ്രസിഡന്റ് സജി അലക്സിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ വൈകിട്ട് മൂന്നിന് യോഗം വിളിച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യു, ജില്ലാസ്റ്റിയറിങ് കമ്മിറ്റി അംഗം അജി പാണ്ടിക്കുടി, ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ തടയുകയും പരസ്പരം അസഭ്യം പറയുകയും തോമസ് മാത്യുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു പറയുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചു കൂട്ടാന്‍ പ്രസിഡന്റ് സജു മിഖായേല്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റിന്റെ നിര്‍ദേശം പ്രകാരം യോഗം വിളിച്ചതെന്ന് ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം അജി പാണ്ടിക്കുടിയില്‍ പറഞ്ഞു. അതേസമയം തന്നെ അറിയിക്കാതെയാണു നിയോജക മണ്ഡലം കമ്മിറ്റി യോഗം വിളിച്ചതെന്നും അതാണു ബഹളത്തിനു കാരണമായതെന്നും നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലും പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്