അടൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്നതിന് സ്വകാര്യ ബസ് ജീവനക്കാരെ വിളിച്ചു വരുത്തി ഇമ്പോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക് പോലീസ്. പത്തനംതിട്ട-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കാണ് നൂറുവട്ടം മാപ്പപേക്ഷ എഴുതേണ്ടി വന്നത്.

പാര്‍ത്ഥസാരഥി ജങ്ഷനില്‍ നിര്‍ത്തിയപ്പോള്‍ ബസില്‍ കയറാന്‍ ശ്രമിച്ച പെണ്‍ കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളോട് ഇതിന് മുന്നില്‍ മറ്റൊരു ബസുണ്ടെന്നും അതില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞു. ഇത് വകവയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ ഇതേ ബസില്‍ തന്നെ കയറാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ബസ് കണ്ടെത്തി ഡ്രൈവറേയും കണ്ടക്ടറെയും ട്രാഫിക് യൂണിറ്റ് ആസ്ഥാനത്ത് വിളിച്ചു വരുത്തി.
സ്‌കൂള്‍ കുട്ടികളെ സില്‍ കയറ്റാതിരിക്കുകയോ ഇറക്കി വിടുകയോ കുട്ടിക ളോട് അപമര്യാദയായി പെരുമാറുകയോ ഇല്ലെന്ന് നൂറ് വട്ടം ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദേശിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇമ്പോസിഷന്‍ എഴുതി തീര്‍ന്നത്. ഇനി ഇതാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ ജി.സുരേഷ് കുമാര്‍ താക്കീത് നല്‍കി.