കണ്ണൂര്‍ : പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന അഡ്വ: എന്‍ രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കെഎസ്യുവിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ എന്‍ രാഘവന്‍ കോണ്‍ഗ്രസിലും പിന്നീട് സംഘടന കോണ്‍ഗ്രസിലും അതുവഴി ജനതാ പാര്‍ട്ടിയിലും എത്തി.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയും ചെയ്തിരുന്നു. കണ്ണൂര്‍ മൊറാജി ഫോറം സ്ഥാപക പ്രസിഡണ്ടായിരുന്നു. മാടായി നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും തലശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂരിലെ തൊഴിലാളികള്‍ക്കെതിരെ നരനായാട്ട് നടത്തിയപ്പോള്‍ ധീരോദാത്തമായ ചെറുത്തു നില്‍പ്പ് നടത്തിയതും പൊലിസിന്റെ ഭീകര മര്‍ദ്ദനത്തിന് ഇരയായി ജീവച്ഛവമായ തൊഴിലാളികളെ രക്ഷിച്ചത് രാഘവന്‍ വക്കീലെന്ന മനുഷ്യസ്‌നേഹിയുടെ ഇടപെടല്‍ കാരണമാണ്.

മൃതദേഹം നാളെ രാവിലെ എട്ടുമണി മുതല്‍ രണ്ടു മണി വരെ കണ്ണൂര്‍ തെക്കീ ബസാറിലെ കക്കാട് റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം മൂന്ന് മണിക്ക് പഴയങ്ങാടിയിലെ തറവാട്ട് ശ്മശാനത്തില്‍ സംസ്‌കരിക്കും.