കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്പനി ഭാരവാഹികള്‍ പറഞ്ഞു. ആദ്യ ഘട്ടമായി ആഭ്യന്തര സര്‍വ്വീസില്‍ സാന്നിധ്യം അറിയിക്കുകയാണ് എയര്‍ കേരള വിമാന കമ്പനി. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും ആദ്യ ഘട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ശേഷം 2027ല്‍ രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്‍മാന്‍ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.

കുറഞ്ഞ ടിക്കറ്റ് നിരക്കും സമയബന്ധിതമായ സര്‍വീസുമാണ് എയര്‍ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ പുതിയ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ തന്നെ ലഭിക്കാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരും. ഇക്കാരണത്താലാണ് വാടകയ്ക്ക് വിമാനങ്ങള്‍ കൊണ്ടുവരുന്നത്. 76 സീറ്റുകള്‍ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനായി ഉപയോഗിക്കുക.

എല്ലാം എക്കണോമി ക്ലാസുകള്‍ ആയിരിക്കും. അയര്‍ലന്‍ഡില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ എത്തിക്കാന്‍ കരാര്‍ ഒപ്പിട്ടു. വാടകയ്ക്കെടുക്കുന്ന വിമാനങ്ങള്‍ ഏപ്രിലില്‍ കൊച്ചിയില്‍ എത്തിക്കും. സെറ്റ്ഫ്‌ലൈ എവിയേഷന്‍സ് ആണ് എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്. വിമാനകമ്പനിയുടെ ഹബ് ആയി കൊച്ചി വിമാനത്താവളത്തെ ചെയര്‍മാന്‍ അഫി അഹമ്മദ് പ്രഖ്യാപിച്ചു. നിരക്കിലും കരുതലുണ്ടാകുമോ എന്നാണ് വലിയ ആകാംക്ഷ. സെറ്റ്ഫ്‌ലൈ എവിയേഷന്‍സ് ആണ് എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്നത്. 20 എയര്‍ക്രാഫ്റ്റുകള്‍ ഘട്ടം ഘട്ടമായി എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ എയര്‍ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാറും ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.