മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒഴുകി പോയവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികെ കുടുങ്ങിയ മൂന്നു യുവാക്കളെ വ്യോമസേന രക്ഷപ്പെടുത്തി. രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്തും ഒരാളെ വടം ഉപയോഗിച്ചുമാണ് രക്ഷപ്പെടുത്തിയത്. മലപ്പുറം സ്വദേശികളായ റഹീസ്, സ്വാലിം, മുഹ്‌സിന്‍ എന്നിവരാണ് കുടുങ്ങിയത്.

ചാലിയാര്‍ പുഴയില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഇറങ്ങിയവരാണ് സൂചിപ്പാറയിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം കുടുങ്ങിയത്. കൂട്ടത്തില്‍ ഒരാള്‍ക്ക് ബിപി കുറഞ്ഞതോടെ സംഘം വെള്ളച്ചാട്ടത്തിനടുത്ത് കുടുങ്ങുകയായിരുന്നു. ഒരാള്‍ക്ക് കാലിനു പരുക്കേല്‍ക്കുക കൂടി ചെയ്തതോടെ മുന്നോട്ടുപോകാന്‍ കഴിയാതായി.

നാട്ടുകാര്‍ ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് വെള്ളച്ചാട്ടത്തിനടുത്ത് കുടുങ്ങിയതായി കണ്ടത്. തുടര്‍ന്ന് റഹീസിനെ വടം ഉപയോഗിച്ചും സ്വാലിമിനെയും മുഹ്‌സിനെയും എയര്‍ലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തുകയായിരുന്നു. വനംവകുപ്പും ആംഡ്‌ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

രാവിലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് പരിക്കില്ലാത്തയാളെ വടമിട്ട് നല്‍കി രക്ഷപ്പെടുത്തി. തുടര്‍ന്ന് പരിക്കേറ്റ രണ്ടു പേര്‍ക്ക് നടക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ വ്യോമസേന തീരുമാനിച്ചത്. തുടര്‍ന്ന് സൂചിപ്പാറയിലെ രണ്ടിടത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പരിശോധന നടത്തിയ ശേഷമാണ് ഇവരെ എയര്‍ ലിഫ്റ്റ് ചെയ്തത്.യുവാക്കളെ വയനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോത്തുകല്ലില്‍ ചാലിയാര്‍ പുഴ കടന്ന് വയനാട്ടിലേക്ക് പോയ മൂന്ന് യുവാക്കളാണ് വനത്തില്‍ കുടുങ്ങിയത്. ഇന്നലെയാണ് അവര്‍ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. സൂചിപ്പാറ മേഖലയില്‍ നിരവധി മൃതദേഹങ്ങളുണ്ടെന്നും അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും ഇവര്‍ പറഞ്ഞിരുന്നു. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ കുടുങ്ങിയത്. നിലമ്പൂര്‍ ഭാഗത്തുനിന്നാണ് ഇവര്‍ സൂചിപ്പാറയിലേക്ക് എത്തിയതെന്നാണ് നിഗമനം.