തൃശൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിൻ്റെ റീൽ ചിത്രീകരണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രക്കുളം ശുദ്ധീകരിക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് സംവിധായികയും നടിയുമായ ഐഷ സുൽത്താന. ഒരു സ്ത്രീ ക്ഷേത്രക്കുളത്തിൽ കാല് കഴുകിയാൽ കുളം അശുദ്ധമാവുമോ എന്ന് ഐഷ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ചോദിച്ചു.

"ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? എനിക്ക് ഈ കാര്യത്തിൽ വലിയ അറിവില്ലാത്തതുകൊണ്ട് ഇതിനെക്കുറിച്ച് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം. കുളത്തിന് ഈ അവസ്ഥയാണെങ്കിൽ ആ കടലിൻ്റെ ഒരു അവസ്ഥയെന്തായിരിക്കും?" ഐഷ തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിനെ തുടർന്നാണ് കുളം പുണ്യാഹം നടത്താൻ തീരുമാനിച്ചത്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനമായിട്ടുണ്ട്. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമുണ്ട്.

റീൽസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ ജാസ്മിൻ ജാഫർ തൻ്റെ പ്രവൃത്തിയിൽ ക്ഷമാപണം നടത്തിയിരുന്നു. 'അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും' ക്ഷമ ചോദിക്കുന്നതായും ജാസ്മിൻ പറഞ്ഞിരുന്നു.