- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം കമൻ്റിനെ തുടർന്ന് തർക്കം; ഹയർസെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ പ്രിൻസിപ്പലിനെ കസേര ചുറ്റി അടിച്ചെന്ന് ആരോപണം; പ്രിൻസിപ്പലിന് തലക്ക് പരിക്ക്
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി. സംഭവത്തിൽ പ്രിൻസിപ്പലിന് പരിക്ക്. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അക്രമത്തിൽ പ്രിൻസിപ്പലിന് സാരമായ പരിക്കുണ്ട്.
സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥി രണ്ടാം വർഷ വിദ്യാർഥിയുടെ ഇൻസ്റ്റാഗ്രാമിലിട്ട കമൻ്റിനെ തുടർന്നാണ് തർക്കമുണ്ടായത്. കമൻ്റിനെ തുടർന്ന് ചിലർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ മുൻപും പല തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു.
ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർഥികൾ അക്രമസക്തരായി ബഹളം വയ്ക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനിടെയാണ് കുട്ടികളെ ശാന്തമാക്കാൻ ഇടപെട്ട സ്കൂൾ പ്രിൻസിപ്പൽ പ്രിയ ഇവർക്കിടയിലേക്ക് വന്നത്. എന്നാൽ സംഘർഷത്തിനിടെ പ്രിൻസിപ്പൽ വീഴുകയും നെറ്റിയിൽ സാരമായി പരിക്കേൽക്കുകയുമായിരുന്നു.
എന്നാൽ കസേര ചുറ്റി അടിച്ചതിനിടക്ക് പ്രിൻസിപ്പലിന് തല്ല് കൊണ്ടതാണെന്നും പറയുന്നുണ്ട്. ടീച്ചറെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാട്ടാക്കട പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാർഥികളുടെ രക്ഷിതാക്കളുമായി അധ്യാപകർ ചർച്ച നടത്തിവരികയാണ്.