ആലപ്പുഴ: അമ്പലപ്പുഴ കുറ്റിക്കാടിന് തീപിടിച്ച സംഭവത്തിൽ ഒഴിവായത് വൻ അപകടം. അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗൺ ഹാളിനോട് ചേർന്നുള്ള കാടിനാണ് തീപിടിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിന് അരികിൽ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത്. തീപിടിത്തതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

തീപിടിത്തത്തെ തുടർന്ന് വലിയ രീതിയിൽ പുക ഉയർന്നു. നാട്ടുകാർ എത്തിയപ്പോൾ തീ പടർന്നിരുന്നു. ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ശേഷം തകഴിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.