കൊച്ചി: നടീനടന്മാരുടെ സംഘടനയായ 'അമ്മ' ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത തന്നെ. അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജി വയ്ക്കുകയും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്:

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും', രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.

നടി രേവതി സമ്പത്ത് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ജോയിന്റ് സെക്രട്ടറിയായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നു. കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, റിയാസ് ഖാന്‍ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അമ്മ നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്.

വിഷയത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തിയതോടെ അമ്മയിലെ ഭിന്നത വെളിവാക്കി. ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് തിങ്കളാഴ്ച അഭിപ്രായപ്പെടുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍, വിശദീകരണം നല്‍കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നേരിട്ട് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അസൗകര്യംമൂലം എത്താന്‍ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു. സംഘടനയുടെ തലപ്പത്തേക്ക് നടന്‍ ജഗദീഷിന്റെ പേരും ഉയര്‍ന്നുകേട്ടു. ഒരു വനിതാ ജനറല്‍ സെക്രട്ടറി എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, നിലവിലെ ഭരണസമിതിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബോധ്യമായതോടെ, മോഹന്‍ലാല്‍ തന്നെ കടുത്ത നടപടിക്ക് മുതിരുകയായിരുന്നു. ഇന്നുചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഭരണസമിതി പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.