- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; ഉടനെ എന്തെങ്കിലും പരിഹാരം കണ്ടെത്തണം; ഇത് ഗൗരവമായി കാണാനുള്ള വിഷയം; കേരളത്തിലെ അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയിൽ പ്രതികരിച്ച് ശശി തരൂര്
ഡൽഹി: കേരളത്തിൽ വർധിച്ചു വരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic encephalitis) സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രോഗബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
"വളരെ വിഷമമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന കുളങ്ങളിൽ നീന്തിയതിലൂടെ ധാരാളം ആളുകൾക്ക് വൈറസ് പിടിപെട്ടിരിക്കുന്നു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച്, മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നതുവരെ കുളങ്ങളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഇത് ഗൗരവമായി പരിഗണിക്കണം," തരൂർ പറഞ്ഞു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇതിനോടകം 19 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ കുട്ടികളും മുതിർന്നവരുമടക്കം 9 പേർ ചികിത്സയിലാണ്. ആരോഗ്യവിദഗ്ധർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം, കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവ്വമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കടുത്ത തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാൻ സാധിക്കാത്ത അവസ്ഥ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.