മലപ്പുറം: എഡിജിപി എം.ആര്‍.അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കാനുള്ള നീക്കത്തെ വിമര്‍ശിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും കുറ്റപ്പെടുത്തി. നീതിക്കായി കോടതിയെ സമീപിക്കുമെന്നാണ് നിലപാട്.

പോലീസിലെ നോട്ടോറിയസ് ക്രിമിനല്‍ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. പി.ശശിയും അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോള്‍ ഒരന്വേഷണവും എങ്ങുമെത്തില്ല. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തില്ല. അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. ബാക്കി തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും പി.വി.അന്‍വര്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളില്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.