- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവറേജസ് കോർപറേഷനിൽ എൽ.ഡി.സി തസ്തികയിലേക്ക് നിയമനം വൈകുന്നു; പുതിയ ഔട്ട്ലെറ്റ് തുറക്കുന്ന പ്രകാരം ഒഴിവുകൾ ഉണ്ടാകുമെന്ന് വാഗ്ദാനം പാഴായി; എൽ.ഡി.സി റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപറേഷനിൽ എൽഡിസി തസ്തികയിലേക്ക് നിയമനം വൈകുന്നതോടെ പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ. 2024 ഫെബ്രുവരി 6നു നിലവിൽ വന്ന ലിസ്റ്റിലെ ഉദ്യോഗാര്ഥികൾക്കാണ് നിയമനം വൈകുന്നത്. 1619 ഉദ്യോഗാർഥികളാണ് ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. എന്നാൽ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും നാളിതുവരെ പുതിയ ഒഴിവുകൾ ബെവ്കോ എൽ.ഡി.സി തസ്തികളിലുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. റാങ്ക് ലിസ്റ്റിൽ നൽകിയ 102 എൻ.ജെ.ഡി ഒഴിവുകളിലേക്കുള്ള നിയമനം പൂർത്തിയായി. കഴിഞ്ഞ ലിസ്റ്റ് തീരുന്ന മുറയ്ക്ക് കെ.എസ്.ബി.സി എൽ.ഡി.സി തസ്തികയിൽ നൂറിലധികം ഒഴിവുകൾ വെട്ടിച്ചുരുക്കിയിരുന്നു.
നിലവിൽ കെ.എസ്.ബി.സിയിൽ നിന്ന് എൽ.ഡി.സി, യു.ഡി.സിയിലേക്ക് പുതിയ തസ്തികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിലേക്ക് പ്രൊപോസൽ അയച്ചിരുന്നു. എന്നാൽ ഇതിനൊരു തീരുമാനവും ആകാതെ വൈകിപ്പിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.
നിലവിൽ ബിവറേജ് കോർപ്പറേഷൻ ലാഭത്തിലാണ് ഉദ്യോഗസ്ഥരുടെ ശമ്പളം നൽകുന്നത് ബോർഡ് തന്നെയാണ്. നിലവിൽ യാതൊരു സാമ്പത്തിക പ്രതിസന്ധിയോ ബാധ്യതയോ ബോർഡിനില്ല എന്നിട്ടും നിയമനം നൽകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
2023-2024 കാലയളവിൽ 19 പുതിയ ബീവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങിയിരുന്നു. ഈ ഔട്ട്ലെറ്റുകളിൽ എൽ.ഡി.സി തസ്തിക അനിവാര്യമാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. എന്നാൽ ഇവിടേക്ക് പുതിയ നിയമനം നടന്നിട്ടില്ല. 2021ലെ കെ.എസ്.ബി.സി എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ നിന്നും നിലവിൽ 3 അഡ്വൈസ് പോയിട്ടും വളരെ കുറച്ച് നിയമനം മാത്രമേ നടന്നുള്ളൂവെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നവ കേരള സദസിൽ ഉദ്യോഗാർത്ഥികൾ നിവേദനം കൊടുത്തതിൻ്റെ മറുപടിയായി പുതിയ ഔട്ട്ലെറ്റ് തുറക്കുന്ന പ്രകാരം പുതിയ ഒഴിവുകൾ ഉണ്ടാകുമെന്ന് മറുപടി ലഭിച്ചിരുന്നു. ഇതിനു മുമ്പുള്ള ലിസ്റ്റിൽ 2,500ൽ പരം ഒഴിവുകൾ ഉണ്ടായിരുന്നു.
ഈ ലിസ്റ്റിൽ നിന്നും ഓപ്പൺ വിഭാഗത്തിനായി 1900ൽ അധികം നിയമനം നടത്തിയ സാഹചര്യത്തിലാണ് നിലവിലെ റാങ്ക് ലിസ്റ്റിൽ വെറും 1600 പേരെ മാത്രം ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എൽ.ഡി.സി തസ്തികയിൽ നിന്നും 375 ഒഴിവുകൾ വെട്ടിക്കുറച്ച് 282 ആക്കിയതും ആശ്രിത നിയമനം 5 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കി ഉയർത്തിയതും നിലവിൽ ലിസ്റിലുള്ളവരുടെ നിയമനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇതു പ്രകാരം എൽ.ഡി.സി തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നവരുടെ എണ്ണം അനുവദിച്ച ഒഴിവിനേക്കാൾ കൂടുതലാണ്.
പുതുതായി തുറക്കുന്ന ഔട്ട്ലെറ്റുകൾക്ക് ആവശ്യമായ എൽ.ഡി.സി, യു.ഡി.സി തസ്തിക ക്രമീകരിച്ചിട്ടില്ല. ബെവ്‌കോയുടെ വിവിധ തസ്തികയിലേക്ക് ഉള്ള എല്ലാ റാങ്ക് ലിസ്റ്റും നിലവിലുണ്ട്. നോട്ടിഫിക്കേഷൻ വന്ന് മൂന്ന് വർഷമായിട്ടും എൽ.ഡി.സി തസ്തികയിലേക്ക് പുതിയ ഒഴിവുകൾ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ലിസ്റ്റ് പ്രാബല്യത്തിൽ വരുമ്പോൾ 102 പേരുടെ എൻ.ജെ.ഡി ഒഴിവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഓപ്പൺ വിഭാഗത്തിലുള്ള 22 പേർക്കും സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ട ചുരുക്കം ചിലർക്കും മാത്രമാണ് അഡ്വൈസ് മെമോ അയച്ചത്. നിലവിൽ 6 മേഖലാ ഓഫീസ്, 26 വെയർഹൗസുകൾ, 277 ഔട്ട്ലെറ്റുകൾ, 143 സെൽഫ് സർവീസ് കൗണ്ടറുകളുമുണ്ട്. ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും എൽ.ഡി.സി നിയമനങ്ങൾ നടക്കാത്ത അവസ്ഥയാണുള്ളതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.