തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റി വച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതുകൊണ്ടാണ് യാത്രയയപ്പ് മാറ്റിയത്. ഇന്ന് വൈകിട്ടായിരുന്നു യാത്രയപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് കണക്കിലെടുത്താണ് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്. പുതിയ കേരള ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടന്ന് വെച്ചത്. മുന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് സര്‍ക്കാര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു. മാസ്‌കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു സദാശിവത്തിന്റെ യാത്രയയപ്പ്. വിമാനത്താവളത്തിലും സദാശിവത്തെ യാത്രയാക്കനും മുഖ്യമന്ത്രി പോയിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി 5 വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.