കൊച്ചി: തീവ്രവാദികളെ നേരിടുന്നതിനിടെ കശ്മീരിലെ കുപ്‌വാരയിൽ വീരമൃത്യു വരിച്ച കേണൽ ജോജൻ തോമസിന് 60–ാം പിറന്നാൾ ദിനത്തിൽ ആദരമൊരുക്കി. ഭാര്യ ബീന തോമസിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹസൈനികരും ചേർന്നാണു ബോൾഗാട്ടി പാലസിൽ ‘സ്മൃതി’ എന്ന പേരിൽ അനുസ്മരണ പരിപാടി ഒരുക്കിയത്. ഹൈബി ഈഡൻ എംപി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ വീരസൈനികന് ആദരമർപ്പിക്കാനെത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിനെത്തി.

പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശിയാണു കേണൽ ജോജൻ. ജൻമനാട്ടിൽ ജോജനു സ്മാരകം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ട ജില്ലാ അധികൃതർക്കു നിർദേശം നൽകിയതായി സംസ്ഥാന സൈനിക വെൽഫയർ ബോർഡിലെ മേജർ ഷിജു ഷെരീഫ് പറഞ്ഞു. വീരസൈനികനോടുള്ള ബഹുമാനാർഥം ലക്നൗ–പട്ന എന്നിവിടങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന ട്രെയിനിനു റെയിൽവേ ജോജന്റെ പേരു നൽകിയിരുന്നു.

കരസേനയുടെ 45 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറായിരിക്കെ 2008 ഓഗസ്റ്റ് 22നാണു കേണൽ ജോജൻ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ചത്. 3 തീവ്രവാദികളെ വകവരുത്തിയതിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. തുടർന്നു മരണാനന്തര ബഹുമതിയായി അശോക ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇതേ ഓപ്പറേഷനിൽ ജോജനൊപ്പം വീരമൃത്യു വരിച്ച രണ്ടു സൈനികരുടെ കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. മേജർ രവി, ജലജ വിശ്വനാഥൻ എന്നിവരുൾപ്പെടെ ഗാലൻട്രി അവാർഡ് ജേതാക്കളും വീരനാരികളും ആദരം ഏറ്റുവാങ്ങി. ദക്ഷിണ നാവിക കമാൻഡിന്റെ നേവി ബാൻഡും അരങ്ങേറി.