കോന്നി: മകനോടും ഭാര്യയോടുമൊപ്പം താമസിച്ച് വരുന്ന വൃദ്ധപിതാവിനെ കൂന്താലികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി കോന്നി പോലീസിന്റെ പിടിയിലായി. കോന്നി അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് സ്വദേശിയായ പുത്തന്‍ചിറയില്‍ വീട്ടില്‍ പ്രസാദ് പി.ആര്‍ (41) ആണ് പിടിയിലായത്. കുടുംബവസ്തു മകന്റെ പേരില്‍ എഴുതികൊടുത്തശേഷം മകനോടും ഭാര്യയോടുമൊപ്പം അട്ടച്ചാക്കലിലുളള വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

മദ്യപാനിയായ മകന്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും പതിവാണ്. കഴിഞ്ഞ 30-ാം തീയതി വീട്ടുവരാന്തയില്‍ ചരിഞ്ഞ്കിടന്നുറങ്ങുകയായിരുന്ന പിതാവിനെ മുറിയിലിരുന്ന കൂന്താലിയെടുത്ത് വലതുമാറിന് താഴെ വയറില്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ വെച്ച് വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചു് കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.രാജഗോപാലിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ അരുണ്‍,സി.പി.ഒ മാരായ നഹാസ്,രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കടമ്മനിട്ടയില്‍ നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.