പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി കുപ്പിവളവ് കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് (38) തിരുവനന്തപുരം മംഗലപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകളും ഒടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ വീട്ടുകാർ പോലീസിന്റെ സഹായം തേടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉൾപ്പെടെ ആക്രമിച്ച സജേഷ്, മുറ്റത്തുണ്ടായിരുന്ന കാറും അടിച്ചുതകർത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിഐ സ്റ്റെപ്‌റ്റോ ജോൺ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈവശമുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് കുത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇൻസ്‌പെക്ടറുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സജേഷ് മംഗലപുരത്ത് എത്തുകയായിരുന്നു. അവിടെ ഓട്ടോറിക്ഷാ യാത്രയ്ക്ക് ശേഷം പണം നൽകുന്നതിനെച്ചൊല്ലി ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടു. വിവരമറിഞ്ഞ് മംഗലപുരം പോലീസ് സ്ഥലത്തെത്തിയതോടെ ഇയാൾ സമീപത്തെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ വീഴ്ചയിലാണ് രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റത്.