കോട്ടയം: ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ഭരണങ്ങാനം ഇടമറ്റം എഫ്.സി കോൺവെന്റിലെ ജീവനക്കാരനായ സൂര്യ എന്ന അറുമുഖം ഷൺമുഖവേൽ (38) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ തമിഴ്നാട് സ്വദേശി കാർത്തിക്കിനെ (38) പാലാ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇരുവരും താമസിച്ചിരുന്ന വീട്ടിൽ വെച്ച് വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ കാർത്തിക്ക് വെട്ടുകത്തി ഉപയോഗിച്ച് സൂര്യയുടെ കഴുത്തിലും മുഖത്തും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പാലാ പോലീസാണ് ഗുരുതരാവസ്ഥയിലായ സൂര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. ദിലീപ് കുമാർ, രാജു എം.സി, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കെ.കെ, ജോബി കുര്യൻ, കിരൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.