തിരുവനന്തപുരം: കടമായി വാങ്ങിയ പണം അമിത പലിശ നൽകി തിരിച്ചടച്ചിട്ടും വാഹനം ഈടായി പിടിച്ചെടുതെന്ന പരാതിയിൽ യുവാവിനെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഇരട്ടിയോളം തിരിച്ചടച്ചിട്ടും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

മരിയാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഒന്നര വർഷം മുൻപ് നൂറു രൂപയ്ക്ക് പത്തു രൂപ പലിശ നിരക്കിൽ ഹരനിൽ നിന്ന് വിശാഖ് 6.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിനുപകരമായി പലതവണകളായി 17 ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ, ഇനിയും പണം നൽകാനുണ്ടെന്ന് ആരോപിച്ച് ഹരൻ വിശാഖിനെ ഭീഷണിപ്പെടുത്തുകയും കാർ ബലമായി പിടിച്ചുവയ്ക്കുകയും ചെയ്തു.

വാഹനം തിരികെ ലഭിക്കുന്നതിനായി വിശാഖ് മറ്റു പലരിൽ നിന്നും പണം കടം വാങ്ങി ഹരന് നൽകിയെങ്കിലും കാർ വിട്ടുനൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്നാണ് വിശാഖിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പാറശാല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയുമായിരുന്നു.

പരിശോധനയിൽ പണത്തിന് ഈടായി പിടിച്ചുവെച്ച നാല് കാറുകൾ, കണക്കിൽപ്പെടാത്ത രണ്ട് ലക്ഷം രൂപ, ഏഴ് വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, തുക രേഖപ്പെടുത്താതെ പലരിൽ നിന്നും ഒപ്പിട്ടുവാങ്ങിയ ചെക്കുകൾ എന്നിവ പോലീസ് കണ്ടെടുത്തു. പാറശാല എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.