തിരുവനന്തപുരം: വീടിന് മുന്നിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനടക്കം കുടുംബത്തിലെ നാല് പേർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി 11 മണിയോടെ ശ്രീകാര്യം സ്വദേശി രാജേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം നടന്നത്. അമൽ (21, ഞാണ്ടൂർക്കോണം), രഞ്ജിത (40, മേലെ പനങ്ങോട്ടുകോണം), സഞ്ജയ് (21, മേലെ പനങ്ങോട്ടുകോണം), അഭിജിത്ത് (22, മുട്ടത്തറ) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

രാജേഷിന്റെ വീടിന് മുന്നിലെ പറമ്പിൽ അഞ്ചംഗ സംഘം സ്ഥിരമായി മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപ് രാജേഷ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികളാണ് വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദനം നടത്തിയത്. ഗൃഹനാഥനായ രാജേഷിനെയാണ് സംഘം ആദ്യം ആക്രമിച്ചത്.

പിടിച്ചുമാറ്റാൻ ശ്രമിച്ച അദ്ദേഹത്തിന്റെ മകൾ പ്രിൻസി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ വിവരമനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.