തൃശ്ശൂർ: സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന നടത്തുന്ന യുവാവിനെ എക്സൈസ് പിടികൂടിയത് സാഹസികമായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൃശ്ശൂർ താലൂക്ക് മാടക്കത്തറ വില്ലേജ് ചെട്ടിക്കാട് ദേശത്ത് തറയിൽ വീട്ടിൽ വിനീഷ് ആണ് അറസ്റ്റിലായത്. കരുവാൻകാട് ദേശത്ത് വെച്ചാണ് 'മൗഗ്ലി വിനീഷ്' എന്നറിയപ്പെടുന്ന യുവാവ് പിടിയിലായത്.

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശദ്യവും യുവാവിന്റെ പക്കൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. ഇയാൾ മദ്യവിൽപ്പനക്ക് ഉപയോഗിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വിക്ക് അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെഎം സജീവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി വലയിലാകുന്നത്.

പ്രതി മദ്യം വിൽക്കുന്നതിനിടെയാണ് എക്സൈസ് വളഞ്ഞ് പിടികൂടുകയായിരുന്നു. ഫോണിലൂടെയാണ് മദ്യ വില്പനയി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നത്. വിനീഷും ഇടപാടുകാരും ഫോണിലൂടെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് എത്തും ശേഷം പണം വാങ്ങി കുപ്പി കൈമാറും. ഇത്തരത്തിൽ ഇടപാടുകാരന് സ്കൂട്ടർ നിർത്തി മദ്യകുപ്പി കൊടുത്ത് പൈസ വാങ്ങുന്നതിനിടെയാണ് വിനീഷിനെ എക്സൈസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്.

എക്സൈസ് കണ്ടെടുത്ത പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയിട്ടുള്ള പ്രതിയെ റിമാന്‍റ് ചെയ്തു. അസി. എക്സൈസ് ഇൻസ്പക്ടർ എ.സി. ജോസഫ്, എക്സൈസ് ഉദ്യോഗസ്ഥരായ സുധീർ കുമാർ എം.എസ്, പരമേശ്വരൻ പി.രതീഷ്, ശരത്ത് കെ, അമിത കെ, ഡ്രൈവർ ശ്രീജിത്ത് വി.ബി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.