കോട്ടയം: ഇടമറുകിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്ന യുവാവ് 32.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എക്സൈസിന്റെ പിടിയിൽ. മേലുകാവ് സ്വദേശി മനുമോൻ റ്റി.കെ.യെയാണ് ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസ് സംഘം അറസ്റ്റ് ചെയ്തത്. ഇടമറുക് ഇരുമാപ്ര ഭാഗത്ത് വാടകയ്‌ക്കെടുത്ത വീട്ടിൽ വെച്ചായിരുന്നു ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൽ.സുബാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീം നടത്തിയ നിരന്തര നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി വലയിലായത്. സൂബാഷ്.എൽ, സ്റ്റാൻലി ചാക്കോ, ഷാജി.വി.എം, നന്ദു.എം.എൻ, ആന്റോ ജോസഫ് എന്നീ ഷാഡോ ടീം അംഗങ്ങളും വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോണും പരിശോധനയിൽ പങ്കെടുത്തു.

അതിനിടെ, വയനാട് മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ വയനാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ്‌ ലഹനാസ് (25), മീനങ്ങാടി സ്വദേശി മുഹമ്മദ്‌ റാഷിദ്‌ (26) എന്നിവരാണ് പിടിയിലായവർ. സംഭവസ്ഥലത്തുനിന്ന് തമിഴ്നാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.

ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ.എം.കെ, പ്രിവന്റീവ് ഓഫീസർ വിജിത്ത്.കെ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രഘു.എം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ്.എം.സി, അർജുൻ.കെ.എ(എക്‌സൈസ് സൈബർ സെൽ), വിഷ്ണു.എം.ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സുദിവ്യഭായി.ടി.പി, ഫസീല.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.