ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ജനുവരി 20ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

അര്‍ത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 19, 20, 27 തീയതികളിലാണ് മദ്യനിരോധനം. ചേര്‍ത്തല എക്സൈസ് പരിധിയിലും പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളിലും ബാറുകളിലുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.