തൊടുപുഴ: പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയും ആയിരുന്നു. നേര്യമംഗലം ടൗണില്‍ ജനങ്ങളുടെ മധ്യത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഷാജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മൂന്ന് വര്‍ഷം മുന്‍പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്‌ഐ ഷാജി സൗഹൃദത്തിലായി. ഈയിടെ, വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. ഇവര്‍ രണ്ടുപേരും തമ്മില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലം ടൗണില്‍ കണ്ടുമുട്ടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

പൊതു സ്ഥലത്ത് നടന്ന സംഭവം നാണക്കേടായതിന് പിന്നാലെ ഇതു സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എഎസ്‌ഐയെ ഇടുക്കി എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റി. എന്നാല്‍ ക്യാംപിലേക്കു പോകാന്‍ കൂട്ടാക്കാതെ എഎസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.