തൃശൂർ: തൃശൂരിൽ ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ വീട് കയറി ആക്രമണം. ചൂണ്ടൽ പെലക്കാട്ട് പയ്യൂരിലെ വീട്ടിൽ പ്രകാശനെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 65 വയസ്സുകാരനായ പ്രകാശന് വെട്ടേൽക്കുകയും ഭാര്യക്ക് മർദ്ദനമേൽക്കുകയും ചെയ്തു.

പ്രകാശൻ്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. നാല് പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വാളും മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം പ്രകാശൻ്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. എന്നാൽ, ഇദ്ദേഹം കൈകൊണ്ട് തടുത്തതിനാൽ കൈയ്യിൽ ഗുരുതരമായി വെട്ടേറ്റു.

പ്രകാശൻ്റെ ഭാര്യക്കും ആക്രമണത്തിൽ മർദ്ദനമേറ്റതായി പരാതിയുണ്ട്. അക്രമി സംഘം വീടിൻ്റെ ജനൽച്ചില്ലുകളും കട്ടിൽ, സോഫാ സെറ്റ്, ദിവാൻ കോട്ട് എന്നിവയും തകർത്തു. കൂടാതെ, വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും അടിച്ചുതകർത്തു. പരിക്കേറ്റ പ്രകാശനെയും ഭാര്യയെയും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.