കോഴിക്കോട്: തിരുവമ്പാടിയിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് സ്ത്രീയെ നടുറോഡിൽ ചവിട്ടിവീഴ്ത്തി. ശനിയാഴ്ച വൈകുന്നേരം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തായിരുന്നു സംഭവം. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാളുമായി യുവാവ് തർക്കത്തിലേർപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാൻ ശ്രമിക്കുന്നുണ്ട്. ഉടൻതന്നെ യുവാവ് ഓടിയെത്തി സ്ത്രീയെ ശക്തിയായി ചവിട്ടി നിലത്തിടുകയായിരുന്നു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

സ്ത്രീയും യുവാവും മുൻപരിചയമുള്ളവരല്ലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.