പാലക്കാട്: പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെ പരാതി നൽകിയ അധ്യാപികയെ പിതാവും മകനും ചേർന്ന് മർദിച്ചു. കേസിൽ ഒരാൾ അറസ്റ്റിൽ. ചന്ദ്രനഗർ പിരിവുശാലയിലാണ് സംഭവം. അധ്യാപികയെ വീടിനു മുന്നിൽ വെച്ച് ക്രൂരമായി മർദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. കേസിൽ പിരിവുശാല നക്ഷത്ര നഗറിലെ ഗോപിയെയാ ണ് (55) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മർദിക്കാൻ കൂട്ടുനിന്ന ഇയാളുടെ മകൻ ജിഷ്ണു‌വിനെതിരെയും (19) കേസെടുത്തിട്ടുണ്ട്.

ജനുവരി 30-നാണ് സംഭവമുണ്ടായത്. പ്രതികൾ രണ്ടുപേരും രാത്രി 11 മണിക്ക് ശേഷം വീട്ടമ്മയുടെ വീടിന് മുൻപിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ചോദ്യം ചെയ്യാൻ ചെന്ന അധ്യാപികയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെയും പ്രദേശത്തെ ചിലരുടെ മദ്യപാനത്തിനെതിരെയും വീട്ടമ്മ ഭാരവാഹികൾക്ക് പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അധ്യാപികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.