പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയിൽ നിർമ്മാണത്തിലിരുന്ന വീട് ഇടിഞ്ഞുവീണ് മരിച്ച സഹോദരങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. നവംബർ 8-ന് നടന്ന ദാരുണമായ സംഭവത്തിൽ ഏഴുവയസുകാരൻ ആദിക്കും നാലുവയസുകാരൻ അജിനേഷിനുമാണ് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ ആറ് വയസുകാരി അഭിനയക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ ചികിത്സയിലുമാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ഏഴുവയസുകാരനായ ആദിയുടെ മരണകാരണം വലത് തുടയെല്ലിനേറ്റ പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ്. നാലുവയസുകാരനായ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതരമായ പരിക്കേറ്റത്. കുട്ടികളെ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെറിയ ജീവനുണ്ടായിരുന്നതായും, എന്നാൽ വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചതായും മൊഴിയിലുണ്ട്.

മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് അപകടം നടന്ന ഊര് സ്ഥിതി ചെയ്യുന്നത്. കുട്ടികൾ കളിക്കാൻ പോയ, എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി കിടന്ന മേൽക്കൂരയില്ലാത്ത വീടിന്റെ സൺഷെയ്ഡിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്.

മഴയിലും വെയിലത്തും ദുർബലമായ അവസ്ഥയിലായിരുന്ന വീടിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ കുട്ടികൾ പതിവായി കളിക്കാൻ പോകുന്ന സ്ഥലമായിരുന്നു ഇത്. അപകടത്തിൽപ്പെട്ട കുട്ടികളെ വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്.