വടകര: കോഴിക്കോട് അഴിയൂരിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. ഉദ്യോഗസ്ഥർക്ക് കൈകാണിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50-ഓടെ അഴിയൂർ ജി.ജെ.ബി സ്കൂളിന് സമീപത്തായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട KL 58 H 6173 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയ്ക്ക് എക്സൈസ് സംഘം കൈകാണിച്ചു. എന്നാൽ, ഉദ്യോഗസ്ഥരെ കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, പ്രജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വാഹനം കസ്റ്റഡിയിലെടുത്ത എക്സൈസ്, കേസ് രജിസ്റ്റർ ചെയ്ത് രക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം തുടങ്ങി.