തിരുവല്ല: പെരിങ്ങരയില്‍ വാടകവീട്ടില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാന്‍ മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയിരുന്ന ഉത്തര്‍പ്രദേശ് ഗോരക്പൂര്‍ ജില്ലയില്‍ ബേല്‍പ്പൂര്‍ സ്വദേശി വിശാല്‍ (25) ആണ് ബുധനാഴ്ച രാത്രി ഏഴു മണിയോടെ പിടിയിലായത്.

കാവുംഭാഗം ചാത്തങ്കരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപത്ത് അടക്കം ആറോളം പാന്‍ മുറുക്കാന്‍ കടകളുടെ മറവില്‍ ആണ് ഇയാള്‍ നിരോധിത പുകയില വില്‍പ്പന്നങ്ങള്‍ വിറ്റഴിരുന്നത് എന്ന പോലീസ് പറഞ്ഞു. തിരുവല്ല സ്വദേശി പ്രവീണ്‍ എന്നയാളാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നത് എന്ന് വിശാല്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ മിനി ലോറിയില്‍ അടക്കമാണ് ഇവിടെ പുകയില ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത് എന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ. കെ. സുരേന്ദ്രന്‍, സിപിഓമാരായ കെ. സന്തോഷ് കുമാര്‍, രവികുമാര്‍, വി.കെ.അഖില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.