- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും കരടി കയറി; കണ്ടപാടെ തിടപ്പള്ളി തകർത്തെറിഞ്ഞു; പരിഭ്രാന്തിയിൽ നാട്ടുകാർ; പരിശോധന നടത്തി വനം വകുപ്പ്

മലപ്പുറം: ടികെ കോളനി ധർമശാസ്താ അയ്യപ്പക്ഷേത്രത്തിൽ കരടി വീണ്ടും ആക്രമണം നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ഓഫീസ് മുറിയും തിടപ്പള്ളിയും പൂർണ്ണമായും തകർന്നു. ഏകദേശം 70,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പ്രദേശത്ത് മാസങ്ങളായി തുടരുന്ന കരടി ശല്യം തടയുന്നതിൽ വനംവകുപ്പ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ കുറച്ചുകാലമായി ടികെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ ജനവാസമേഖലകളിൽ കരടിയുടെ സാന്നിധ്യം പതിവാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും കരടിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫോറസ്റ്റ് ഓഫീസിലേക്ക് പൊതുജന മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. നിരീക്ഷണത്തിനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും നിലവിലുള്ള കൂട് മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ തന്നെ കരടിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ, പ്രദേശത്ത് കരടിശല്യം തുടരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.


