തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ച നടന്‍ സിദ്ദിക്കിനൊപ്പമുള്ള വീഡിയോയില്‍ വിശദീകരണവുമായി ബീന ആന്റണി. സിദ്ദിഖിന് നടിമാര്‍ യാത്രയയപ്പ് കൊടുക്കുന്നുവെന്ന പേരില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയെക്കുറിച്ചാണ് ബീന ആന്റണിയുടെ വിശദീകരണം:

സിദ്ദിഖിന്റെ മകന്‍ സാപ്പി മരിച്ചതിന് ശേഷം അദ്ദേഹത്തെ 'അമ്മ' ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച് കണ്ടപ്പോള്‍ ഉള്ള വീഡിയോയാണ് ഇതെന്നാണ് ബീന ആന്റണി പറയുന്നത്. അദ്ദേഹം തന്നെ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും ബീന കൂട്ടിച്ചേര്‍ത്തു.

'സിനിമാ മേഖല വല്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. 'അമ്മ'യില്‍ എല്ലാവരും കൂട്ടരാജിവച്ചു. ഞങ്ങള്‍ക്കെല്ലാം തന്നെ വിഷമവും ഉത്കണ്ഠയുമുണ്ട്. അടുത്തിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ വിഷയത്തില്‍ വ്യക്തത വരുത്താനാണ് ഞാന്‍ ഈ വീഡിയോ ഇടുന്നത്.

സിദ്ദിഖ് ഇക്കയുടെ മകന്‍ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവര്‍ത്തകര്‍ എല്ലാം അവിടെ പോയിരുന്നു. എന്നാല്‍ എനിക്ക് പനിയായി കിടപ്പായതിനാല്‍ പോകാന്‍ പറ്റില്ല. പിന്നെ ഞങ്ങള്‍ കാണുന്നത് അമ്മയുടെ ജനറല്‍ ബോഡിയില്‍ ആണ്. അപ്പോള്‍ ഞാന്‍ പോയി സംസാരിച്ചു. ആ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

https://www.instagram.com/p/C_OACsophM3

സാപ്പിയെ വളരെ ചെറുപ്പം മുതല്‍ എനിക്ക് അറിയാം. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു. അന്നാണ് അവസാനമായി സാപ്പിയെ കണ്ടത്. മരണം എന്നത് ഓരോ ആളിന്റെയും ജീവിതത്തില്‍ നടക്കുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം മനസിലാകു. എന്റെ അപ്പച്ചന്‍ മരിച്ചപ്പോള്‍ ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്.

ഒരു സഹോദരി എന്ന നിലയിലാണ് ഇക്കയെന്നെ കാണുന്നത്. ഇക്കയുടെ പേരില്‍ ആരോപണം വന്നു. സിദ്ദിക്ക് ഇക്ക തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. അതിലേക്ക് ഒന്നും ഞാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്നതാണ് ആ വീഡിയോയില്‍ കാണുന്നത്. പക്ഷേ ആ ദൃശ്യത്തിന് പലരും വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ആക്കി വരുമ്പോള്‍ ഒരുപാട് സങ്കടം തോന്നി. ഇതൊന്നും അറിയാത്ത പ്രേക്ഷകര്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ പറയുന്നത്. സംഭവം ഇതാണ്. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്', ബീന ആന്റണി പറഞ്ഞു.